Thursday, August 9, 2007

നിനക്ക്‌...

നിനക്കായിതാ കൊന്നൊടുക്കുന്നു
എനിക്കും മുന്‍പേ പറന്നൊരെന്‍ സ്വപ്നങ്ങളെ,
ഞാനെന്ന വിത്തിനെ, എന്നിലുള്ള,വരുടെ പ്രതീക്ഷകളെ... പിന്നെ,
ഒരിറ്റുസ്നേഹത്തെയുമിനിയേല്‍ക്കാത്തൊരെന്‍
തകര്‍ന്ന ഹൃദയത്തെ...

ഇനി, നിന്റെ ഓര്‍മ്മകളില്‍ ദാരിദ്ര്യരേഖയ്ക്കും താഴെയാവട്ടെ ഞാന്‍..

Tuesday, July 17, 2007

യാത്രാമൊഴി !

ഇനി നിനക്കു പോകാം,
നിന്നെ ഞാന് മറന്നുകഴിഞ്ഞു - എന്നേയ്ക്കുമായ്!
ഇന്നു നിന് മുമ്പിലെന് ഹൃദയം
പണയം വെച്ചതിന് പലിശയായ്
പ്രണയം പറ്റുവാനത്ര മഠയനല്ല ഞാന്
താഴെ വിരഹത്തിന്റെ ദ്വീപുകള്
തുരുത്തുകള്, തകര്ന്ന പ്രണയപ്പുറ്റുകള് !
ഇല്ല, എനിക്കിറങ്ങേണ്ടത് വിശ്വാസത്തിന്റെ വന്കരയിലാണ്,
തളര്ന്നുതുടങ്ങിയ എന്റെ ഹൃദയത്തിനും.
പൊയ്ക്കൊള്ക, ഞാന് നിനക്കിനിയാരുമല്ല.
ശാന്തി ! സ്വസ്തി !

മഴ

മഴ ! സ്വയമെരിഞ്ഞാവിയായുയര്ന്ന
മഴത്തുള്ളികളുടെ കൂട്ട ആത്മഹത്യ.
പിന്നെയുറവകള് കൈവഴികളായ്, പല
പുഴയായ്, കടലായ് ശവങ്ങളുടെ
നീണ്ട ഘോഷയാത്ര!

ചില പേരില്ലാവരികള്‍

പെയ്തുതീര്‍ന്നത്‌ പ്രണയം
പെയ്യുന്നത്‌ വിരഹം
പെയ്യാനുള്ളത്‌ ജീവിതവും
പെയ്തിട്ടും പെയ്തുതീരാത്തതും
പെയ്തുകൊണ്ടേയിരിക്കുന്നതും നീ
എന്റെ ഹൃദയച്ചേമ്പിലയില്‍നിന്നെത്തുളുമ്പി ഞാനൊന്നാര്‍ത്തുകൊള്ളട്ടെ ?


ഇലതൂങ്ങി,യിതള്‍കൂമ്പി-
യിനിയിലെ പകലിന്റെ സൂര്യനെത്തേടി, യീ-
രാവി,ലിരുളിന്റെയിടവഴിച്ചാര്‍ത്തിലൊരുകൊച്ചുകാറ്റിന്റെ
കൈവഴിയിലാടുമിതു ഞാന്‍-
നിന്റെ തൊട്ടാവാടി, നാളത്തെ സൂര്യകാന്തി.


നേര്‍വഴിച്ചാലുകളില്‍ നീരിറ്റുവീഴുമ്പോ-
ളറിയുന്നൊരുപ്പിന്റെ ചീര്‍ത്തഗന്ധവും
പിന്നെയവ്യക്തമായൊരു നോട്ടവും
നിശബ്ദം പൊട്ടിത്തെറിക്കലും
അറിയുന്നു, നീയെന്നെ വിട്ടുപിരിയുന്നു...

മഴ

മഴ ഉത്സവമാകുന്നത്‌ മഴത്തുള്ളികള്‍ക്കുമാത്രമാണ്‌ !
ഉയിരാവിയായ്‌ പറന്ന് എങ്ങോ പിറന്നെവിടെയോ പൊഴിയുന്നവര്‍
ഉറവകള്‍ തുറപ്പോര്‍, നെഞ്ചിലൊരു കടലുകാക്കുന്നവര്‍
മഴത്തുള്ളികള്‍ അവര്‍ക്കുന്മാദമൂര്‍ച്ഛയാകുന്നൂ മഴ.

വിണ്ണില്‍ കലര്‍ന്നും തമ്മില്‍ വളര്‍ന്നും
പിന്നെ പിളര്‍ന്നും തെളിഞ്ഞും
കാറ്റിന്‍ കൈവഴികളില്‍ ചരിഞ്ഞും
മണ്ണിലേക്കവസാന ശ്വാസമാര്‍ന്നും
മഴത്തുള്ളികള്‍ - അവര്‍ക്കുത്സവമൂര്‍ദ്ധന്യമാകുന്നൂ മഴ.